2022 സെപ്റ്റംബർ 14, ബുധനാഴ്‌ച

 തിരുനെല്ലി മഹാ വിഷ്ണു ക്ഷേത്രം



ബ്രഹ്മഗിരി മലനിരകളുടെ പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിലാണ് പ്രകൃതി രമണീയമായ തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരക്കിന്റെ ലോകത്ത് നിന്നും ശാന്തിയുടെ അന്തരീക്ഷത്തിലേക്ക് എന്നത് ഇവിടെ വരുമ്പോൾ അർത്ഥവത്താവുന്നു. വയനാട് വന്യജീവി സംരക്ഷണകേന്ദ്രത്തിനു നടുക്കാണ് ഈ ക്ഷേത്രം. വയനാട് ജില്ലയിലെ പ്രശസ്തമായ വിഷ്ണുക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം.ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല എന്നിവയാല്‍ ചുറ്റപ്പെട്ട ക്ഷേത്രം സഹ്യമലാക്ഷേത്രം എന്നും അറിയപ്പെടുന്നു. രാത്രിയാകുന്തോറും മഞ്ഞ് പുൽകുന്ന ക്ഷേത്രം. ഇവിടെ പൊതുവെ ജനസാന്ദ്രത കുറവാണ്. ജനസംഖ്യയില്‍ അധികവും ആദിവാസികളാണ്. അവരുടെ ആരാധനാ ക്ഷേത്രമായ ദൈവത്താർ മണ്ഡപം ക്ഷേത്രത്തിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത് . ഭാരതത്തിലെ പ്രാചീനമായ ഒരു ക്ഷേത്രമാണിത്. പുരാണങ്ങളിൽ ഈ ക്ഷേത്രം ഹരിത ശോഭയോടെ തിളങ്ങി നിൽക്കുന്നുണ്ട് ,നിരവധി ഐതിഹ്യങ്ങളും ക്ഷേത്രത്തെക്കുറിച്ചുണ്ട്. കാലപ്പഴക്കം എത്രയെന്നു വരെ ഖണ്ഡിതമായി പറയാൻ ചരിത്ര പണ്ഡിതന്മാർക്ക് പോലും കഴിഞ്ഞട്ടില്ല. 962 നും 1019 നും ഇടയിലുള്ള കാലത്താണ് ക്ഷേത്രം നിര്‍മിച്ചത് എന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിനകത്തെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ,ബ്രഹ്മാവ്, ,ഗണപതി തുടങ്ങിയവയാണ് . മുപ്പത് കരിങ്കല്‍ തൂണുകളാല്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന ഈ ക്ഷേത്രത്തിനു ഒരു ഫർലോങ് അകലെയാണ് പാപനാശിനി അരുവി.ബ്രഹ്മഗിരി കുന്നുകളിൽ ജന്മമെടുത്ത് ഒഴുകി വരും പുണ്യനദിയാണിത് . ഈ അരുവിയിലെ പുണ്യജലത്തില്‍ മുങ്ങിക്കുളിച്ചാല്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചിതരാകും എന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് ബലി അര്‍പ്പിക്കുന്നതിനാണ് കൂടുതലായും ആളുകള്‍ ഇവിടെ എത്തുന്നത്. ക്ഷേത്രത്തില്‍ നിന്നും ഉരുളന്‍ പാറക്കല്ലുകള്‍ക്കിടയിലൂടെ നടന്നുവേണം പാപനാശിനിയില്‍ എത്താന്‍. പോകുന്ന വഴിയ്ക്കാണ് പഞ്ചതീര്‍ത്ഥ കുളവും ഗുണ്ഡികാ ശിവക്ഷേത്രവും. തിരുനെല്ലി ക്ഷേത്രത്തിന്റെ പുറകിലെ പടികള്‍ കടന്നെത്തുമ്പോഴാണ് പഞ്ചതീര്‍ത്ഥം. അഞ്ചുനദികളുടെ സംഗമസ്ഥലമാണ് പഞ്ചതീര്‍ത്ഥം എന്നാണ് വിശ്വാസം.തീര്‍ത്ഥക്കുളത്തിന് മദ്ധ്യഭാഗത്തായുള്ള പാറയില്‍ രണ്ട് കാലടി രൂപങ്ങള്‍ വിഷ്ണുഭഗവാന്റെ തൃപ്പാദങ്ങളെ പ്രതീകാത്മകമായി ചിത്രീകരിച്ച് കൊത്തിവച്ചിരിക്കുന്നു. കൂടാതെ ശംഖ്, ചക്രം, ഗദ, പത്മം എന്നീ രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. ഈ പാറയില്‍ നിന്നു കൊണ്ടായിരുന്നുവത്രേ മഹാവിഷ്ണു ബ്രഹ്മാവിന് ഉപദേശങ്ങള്‍ നല്‍കിയത്. ക്ഷേത്രത്തിലെ വിളക്കുമാടം പ്രത്യേകം എടുത്തു പറയേണ്ടതാണ് .കിഴക്കുഭാഗത്ത് മുഴുവനായും തെക്ക് ഭാഗത്ത് അപൂർണ്ണമായ നിലയിലും 2 തവണ പണി പൂർത്തിയാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സിമൻറോ ചാന്തോ ഉപയോഗിക്കാതെ കരിങ്കൽ പാളികൾ പ്രത്യേകം അടുക്കി വച്ചാണ് നിർമ്മാണം. മൂലകളിൽ ഗണപതിവിഗ്രഹത്തിന്റെ കൊത്തുപണി, കാൽനട പാകിയ കരിങ്കൽ പാളികളിൽ എന്തൊക്കെയോ ലിപികളും കാണാം.



കരിങ്കൽപ്പാത്തിയാണ് മറ്റൊരു അത്ഭുതം. ക്ഷേത്രത്തിന് കിണറില്ല , 4 വശങ്ങളും മലകളാൽ ചുറ്റപ്പെട്ട് ഒരു കുന്നിൻ മുകളിലാണീ ക്ഷേത്രം ഉള്ളത്.4 വശത്തും താഴ് വാരങ്ങളാണ്. ബലിക്കല്ല് നടയ്ക്ക് നേരെയല്ല സ്ഥിതി ചെയ്യുന്നത്.ഒരു വശത്തേക്ക് മാറിയാനിൽക്കുന്ന രീതിയിൽ ആണ്. വർഷങ്ങൾ മുന്നേ ഒരു ആദിവാസിയുടെ തീവ്ര ആഗ്രഹമായിരുന്നത്രേ മരിക്കും മുൻപേ ക്ഷേത്ര ദർശനം നടത്താൻ ,കൊടും കാടും താണ്ടി ദിവസങ്ങളോളം അലഞ്ഞ് അമ്പലനടയിൽ എത്തി തൊഴും നേരം ജാതി അയിത്തം മൂലം അകത്ത് കയറാനാകാതെ പുറമേ നിന്ന് നെഞ്ച് പൊട്ടി കരയുകയും ബലിക്കല്ല് അല്പം സ്വയമേ മാറി ദർശനം സിദ്ധിക്കുകയും ചെയ്തു പോന്നിരുന്നു എന്നാണ് ഐതിഹ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വയനാട്ടിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ജൈനക്ഷേത്രം സുൽത്താൻ ബത്തേരിയിൽ സ്ഥാപിതമായ ജൈനക്ഷേത്രം കേരളത്തിലെ നിരവധി ജൈനക്ഷേത്രങ്ങളിൽ ഏറ്റവും പൗരാണിക...