വയനാട്ടിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ജൈനക്ഷേത്രം
സുൽത്താൻ ബത്തേരിയിൽ സ്ഥാപിതമായ ജൈനക്ഷേത്രം കേരളത്തിലെ നിരവധി ജൈനക്ഷേത്രങ്ങളിൽ ഏറ്റവും പൗരാണികമായ ഷേത്രങ്ങളിൽ ഒന്നാണ്. പൂർണമായും പാറ കല്ലുകൾ മാത്രം ഉപയോഗിച്ചാണ് ജൈന ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഒരുകാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന ജൈനമതം ഇന്ന് പല സംസ്ഥാനങ്ങളിലും വംശനാശം സംഭവിച്ചിരിക്കുന്നു. എട്ടാം നൂറ്റാണ്ടിൽ കേരളത്തിലുടനീളം വ്യാപിച്ച ജൈന ഭരണാധികാരികൾ വാണിജ്യകാര്യങ്ങളും നിയന്ത്രിച്ചുപോന്നിരുന്നു,എന്നാൽ ഇന്ന് കേരളത്തിൽ വയനാട്ടിലും എറണാകുളത്തും രണ്ട് ജില്ലകളിൽ മാത്രമാണ് ജൈനമതം നിലവിലുള്ളത്. വയനാട്ടിലെ ജൈനരുടെ എണ്ണം 2000-ത്തിൽ താഴെയാണ്.ഒരു കാലത്ത് വയനാട്, നിഗിരി, കർണാടകത്തിന്റെ ചില ഭാഗങ്ങൾ ഇവിടങ്ങളിൽ ധാരാളമായി ജൈന മതക്കാരെ കണ്ടുപോന്നിരുന്നു . വയനാട് ജില്ലയിലെ ജൈനമതക്കാരുടെ പ്രധാന ഉപജീവനമാർഗം കൃഷിയായിരുന്നു. വരുമാനം കുറഞ്ഞതോടെ പലരും കൃഷി ഉപേക്ഷിച്ച് മറ്റു മേഖലകളിലേക്ക് ചേക്കേറി. വയനാട്ടിലെ ജൈനമതവിശ്വാസികളായ യുവാക്കളിൽ ഭൂരിഭാഗവും ജോലിതേടി ബെംഗളൂരുവിലേക്കും കർണാടകയുടെ മറ്റു ഭാഗങ്ങളിലേക്കും പോയതായി രേഖകൾ കാണിക്കുന്നു .
ബിസി മൂന്നാം നൂറ്റാണ്ടിൽ മഗധയിലെ ക്ഷാമകാലത്ത്, തന്റെ ഗുരു ഭദ്രബാഹുവിന്റെ നേതൃത്വത്തിൽ ചന്ദ്രഗുപ്ത മൗര്യൻ ഏകദേശം 12000 ജൈനന്മാരുമായി കർണാടകയിലെ ശ്രാവണബലഗോളയിലെത്തി. കൊങ്കണികൾ മഗധയിൽ നിന്ന് ഇവർ ദക്ഷിണേന്ത്യയിലേക്കും കുടിയേറിയതായി പറയപ്പെടുന്നു. കൊങ്കണം എന്നാൽ ഗംഗയിൽ നിന്ന് വന്നവരുടെ നാട് എന്നാണ്. പതിനാലാം നൂറ്റാണ്ടിൽ പോലും കർണാടക 'കൊങ്കണം' എന്നറിയപ്പെട്ടിരുന്നു. വിവിധ ചിന്തകർ ജൈനമതത്തെ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്ക് പ്രചരിപ്പിച്ചു. എട്ടാം നൂറ്റാണ്ടിൽ ജൈനമതം കേരളത്തിൽ അധികാരത്തിൽ വന്നു. ശ്രാവണബലഗോളയിൽ നിന്ന് ആറ് ദിവസം കാൽ നടയായി യാത്രചെയ്‌താൽ വയനാട്ടിൽ എത്തിച്ചേരാൻ സാധിക്കും . അതിനാൽ, ജൈനർ വളരെ എളുപ്പത്തിൽ വയനാട്ടിലേക്ക് പ്രവേശിച്ചു . ജൈനമതക്കാർ ഇപ്പോഴും കന്നഡ ഭാഷയാണ് അവരുടെ വീടുകളിലും ആചാരങ്ങളിലും മാതൃഭാഷയായി ഉപയോഗിക്കുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും ജൈനരുടെ ആചാരങ്ങളിൽനിന്നും കന്നട ഭാഷയെ ഒഴിവാക്കിയിട്ടില്ല .
ജൈന സംസ്‌കാരവുമായി ബന്ധപ്പെട്ട നിരവധി തിരുശേഷിപ്പുകൾ വയനാട്ടിൽ ഉണ്ട്. കൽപ്പറ്റ, മാനന്തവാടി, വരദൂർ, പുത്തനങ്ങാടി, വെണ്ണിയോട്, അർച്ചുകുന്ന്, പുതിയിടം, പാലുകുന്ന് എന്നിവിടങ്ങളിൽ ജൈന ക്ഷേത്രങ്ങളും ജൈന മതവും കാണാൻ കഴിയുന്നു . പുരാതന കാലം മുതൽ നിരവധി കുളങ്ങളും തടാകങ്ങളും ഇവർ ഇവിടങ്ങളിൽ നിർമ്മിച്ചിട്ടുണ്ട്, അവയെല്ലാം കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.
800 വർഷത്തിലധികം പഴക്കമുള്ള ജൈന ക്ഷേത്രങ്ങളെ ബസ്തി എന്ന് വിളിക്കുന്നു. ഒരു തടി പോലുമില്ലാതെ പൂർണ്ണമായും കല്ലിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ക്ഷേത്രങ്ങൾ കാലക്രമേണ തകർക്കപ്പെട്ടുകൊണ്ടിരിക്കുന്നു . പതിനെട്ടാം നൂറ്റാണ്ടിലെ ടിപ്പു സുൽത്താന്റെ യുദ്ധകാലത്ത്, സൈനികർ വെടിമരുന്ന് സൂക്ഷിക്കാൻ ജൈന ക്ഷേത്രങ്ങളെ ഉപയോഗിച്ചിരുന്നു, അതിനാൽ ആണ് വയനാടിന് സുൽത്താന്റെ ബാറ്ററി എന്ന പേര് വന്നതും അത് പിന്നീട് സുൽത്താൻ ബത്തേരിയായി മാറിയതും . അതിനൊക്കെമുൻപ് സുൽത്താൻ ബത്തേരി ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്നു. യുദ്ധസമയത്ത് ബത്തേരിയിൽ നിന്ന് ജൈനമതം മറ്റിടങ്ങളിലേക്ക് പോയിരിക്കാം എന്നത് തെളിയിക്കപ്പെടാത്ത വസ്തുതയാണ് .
ഹൊയ്‌സാല വിജയനഗർ ശൈലിയിലാണ് ജൈന ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ജൈനക്ഷേത്രം നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. മഹാവീരജയന്തി ദിനത്തിൽ അഭിഷേക പൂജ നടത്താൻ വയനാട്ടിലെ ജൈനമത വിശ്വാസികൾ ഇവിടെ ഒത്തുകൂടുന്നു. വയനാട്ടിലെ നിരവധി ക്ഷേത്രങ്ങൾ ഹൊയ്സാല രാജാക്കന്മാരുടെ കാലത്ത് നിർമ്മിച്ചതാണ്. അതിനാൽ, മിക്ക ക്ഷേത്രങ്ങളും കല്ലുകൊണ്ട് നിർമ്മിച്ചതായി കാണാൻ കഴിയുന്നു .
ദേശീയ പാത 766 നടുത്തായി തല ഉയർത്തി ജൈന ക്ഷേത്രം ഇന്നും നിലനിൽക്കുന്നു. കാലങ്ങളായി ജീർണ്ണാവസ്ഥയിലായിരുന്ന ഈ ശിൽപ സൗന്ദര്യ പുരാതന ക്ഷേത്രം പിന്നീട് ദേശീയ പ്രാധാന്യമുള്ള നിർമിതിയായി പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. പുരാവസ്തു വകുപ്പിന്റെ ഇടപെടൽ ഈ ചരിത്ര നിർമിതി നന്നായി സംരക്ഷിക്കപ്പെട്ടു പോകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു . വലിയ കരിങ്കൽ പാളികൾ പാകിയ വിശാലമായ നടപ്പാത ക്ഷേത്രമുറ്റത്തേക്ക് നയിക്കുന്നുണ്ട്.നിർമ്മാണത്തിനായി പൂർണ്ണമായും വലിയ പാറകളും തൂണുകളും ഉപയോഗിച്ചു. കരിങ്കൽ തൂണുകളിലും കൽപ്പടവുകളിലും നിരവധി കൊത്തുപണികൾ കാണാം. ഇവിടെ കാണപ്പെടുന്ന ‘സർപ്പബന്ധം’ എന്നറിയപ്പെടുന്ന ചിത്രത്തിൽ രസകരമായ രഹസ്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട് .ഈ ശിലാനിർമിതികൊപ്പം മറ്റ് നിരവധി കൊത്തുപണികളും മനോഹരമായ ചിത്രങ്ങളും നിങ്ങൾക്ക് കാണാൻ കഴിയും. പ്രധാന കെട്ടിടത്തിന് മുന്നിൽ മേൽക്കൂരയില്ലാത്തതും തൂണുകളാൽ അതിരിടുന്നതുമായ ഒരു പ്രാർത്ഥനാ ഹാൾ ഉണ്ട്. കൽത്തൂണുകളാൽ ചുറ്റപ്പെട്ട വരാന്തയും നമുക്കിവിടെ കാണാം . അതിനു ചുറ്റും നിൽക്കുമ്പോൾ മനസ്സിൽ ചരിത്രസ്മരണകൾ നിറയും. ഒപ്പം വയനാട്ടിൽ മഹത്തായ ഒരു നിർമ്മാണ രീതി നിലനിന്നിരുന്നു എന്ന അറിവും നമ്മിൽ എത്തിച്ചേരും . സന്ദർശകർക്ക് ചരിത്രത്തെക്കുറിച്ച് കൂടുതൽ പര്യവേക്ഷണം ചെയ്യാനും പ്രത്യേകം അനുഭവിക്കാനും ജൈന ഷേത്രത്തിന് കഴിയുമെന്ന് ഉറപ്പാണ്


